Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drugged Party

ലഹരി പാര്‍ട്ടി: കെവിനു ലഹരി കിട്ടിയ ഉറവിടം തേടി പോലീസ്

കൊച്ചി: കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ നടന്ന ലഹരിപാര്‍ട്ടിയിലെ സ്രോതസിലേക്ക് എത്തിയത് കൃത്യമായ അന്വേഷണത്തെ തുടര്‍ന്നാണെന്നു കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍. തൊടുപുഴ സ്വദേശി കെവിന്‍ ആണ് കഴിഞ്ഞ ദിവസം എറണാകുളം വാഴക്കാലയില്‍ നിന്ന് എംഡിഎംഎ, മെത്താഫെറ്റമിന്‍ തുടങ്ങിയ രാസലഹരികളുമായി പിടിയിലായത്.

ക്രൂയിസ് ഷിപ്പില്‍ നടന്ന പാര്‍ട്ടി കഴിഞ്ഞ് ഒരു ഹോട്ടലില്‍ മുറിയെടുത്തു പാര്‍ട്ടി നടത്തുന്നുവെന്ന വിവരം കിട്ടിയതിനു പിന്നാലെയാണ് മൂന്നു സ്ത്രീകളടക്കമുള്ള ആള്‍ക്കാരെ അന്നു പിടിച്ചത്. മൂന്നാഴ്ച കഴിഞ്ഞാണ് അതിന്‍റെ സ്രോതസിലേക്ക് എത്താന്‍ കഴിഞ്ഞത്. അവര്‍ കസ്റ്റഡിയിലുണ്ട്, ഇവര്‍ക്ക് എവിടെനിന്നാണ് ലഹരി ലഭിച്ചത് എന്ന അന്വേഷണം മുന്നോട്ടു പോവുകയാണെന്ന് കമ്മീഷണര്‍ പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ച് 28ന് ആണ് കടവന്ത്രയിലെ ആഡംബര ഹോട്ടലില്‍നിന്നു ഡോക്ടറും അഭിഭാഷകരും ഉള്‍പ്പെടെ എട്ടു പേരെ കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് ഹൈബ്രിഡ് കഞ്ചാവ്, എക്സ്റ്റസി പിൽസ്, കൊക്കെയ്ൻ, മെത്താഫെറ്റാമിൻ തുടങ്ങിയവ പിടിച്ചെടുത്തു. കുറഞ്ഞ അളവിലാണ് പിടിച്ചെടുത്തത് എന്നതിനാൽ ഇവർക്കു ജാമ്യം ലഭിച്ചു. തുടര്‍ന്ന് ലഹരി മാഫിയക്കെതിരെ കൊച്ചി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൽ കഴിഞ്ഞ ദിവസം തൃക്കാക്കര പോലീസ് ആണ് കെവിനെ പിടികൂടിയത്.

ആഡംബര ഹോട്ടലില്‍ നടന്ന ഡ്രഗ് പാര്‍ട്ടിയില്‍ ലഹരി എത്തിച്ചു കൊടുത്തതു കെവിന്‍ എന്നായിരുന്നു സൂചന. കെവിന് എവിടെനിന്നാണ് ലഹരി ലഭിച്ചതെന്ന അന്വേഷണം നടക്കുകയാണ്. നേരത്തെ പിടിയിലായ പ്രതികളെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെങ്കില്‍ വിളിച്ചു വരുത്തുമെന്നും കമ്മിഷണര്‍ അറിയിച്ചു.

Latest News

Corehub Up